ATHUL BABU A.B.
ക്വാറന്റൈൻ
ആനന്ദം ചിരികൾക്കൊപ്പം പ്രകാശിക്കുന്നു
നീ എന്റേതും
ഞാൻ നിന്റേതുമെന്നുള്ള
മൂളിപ്പാട്ട്
വീടിന്റെ പര്യന്തങ്ങളിൽ
വട്ടമിട്ടു പറക്കുന്നു.
തലയറ്റ,
ചുട്ടുപഴുത്ത പ്രതിമയിലൊഴുകുന്ന
ജലകണങ്ങൾ പോലെ,
ശേഖരത്തിനുള്ളിലേക്ക് വീഴുന്ന
നാണ്യശബ്ദങ്ങൾ പോലെ,
പ്രതിധ്വനികൾ.
എന്തൊരു തണുപ്പാണ്,
ഇതാരുടെ ലോകമാണ്?
നമുക്കായി
ചെറിയ ജീവനുകൾ പോലും
കാത്തുരക്ഷിച്ച് പരിപാലിക്കുന്നവന്റെ.
ജനാലകളും പാതയോരങ്ങളും തമ്മിൽ
അനാദിയായ ബന്ധം.
നഗ്നപാദങ്ങൾ പാതയിൽ
നനവുണർത്തുന്നു.
നരകവരാന്തകളിൽ
വിമോചനത്തിന്റെ പ്രലോഭനങ്ങൾ
നിർത്താതെ മുഴക്കുന്നു
ശവംതീനിക്കഴുകൻ.
ആത്മബോധത്തെ
ലൗകികസുഖങ്ങൾ തടയിടുമ്പോൾ
ഓർക്കുക,
സത്യത്തിന്റെ കണ്ണാടികൾ
കാതങ്ങൾ അകലെയാണ്.

No comments:
Post a Comment